ബുധനാഴ്‌ച, ഒക്‌ടോബർ 13, 2010

പെട്ടകം മുങ്ങുമോ ?

മായന്‍ കലണ്ടര്‍ അനുസരിച്ച് 2012 ഡിസംബര്‍  പന്ത്രണ്ടാം തിയതി ലോകം അവസാനിക്കുമത്രേ.   രണ്ടായിരത്തി പന്ത്രണ്ടില്‍  ലോകം അവസാനിക്കും  എന്ന ഈ മായന്‍ വിശ്വാസത്തിനെ അടിസ്ഥാനപ്പെടുത്തി നിരവധി പുസ്തകങ്ങളും, സിനിമകളും ദാ ഇപ്പൊ ഒരു ബ്ലോഗും പുറത്തിറങ്ങിയിട്ടുണ്ട്.  2012  എന്ന ചലച്ചിത്രത്തിന്റെ പ്രമേയം തന്നെ ലോകാവസാനവും, അതില്‍ നിന്നും രക്ഷപ്പെടാന്‍ മനുഷ്യന്‍ നിര്‍മ്മിക്കുന്ന പെട്ടകവുമാണ്. കേരളത്തിലെ രാഷ്ട്രീയക്കാര്‍ മായന്‍ കലണ്ടര്‍ നോക്കാറുണ്ടോ എന്നൊന്നും അസുരനറിയില്ല. 2012 ഇല്‍ ലോകം അവസാനിച്ചാലും ഇല്ലെങ്കിലും 2011 ഓടെ കേരളത്തിലെ ഇടതുലോകം ഏതാണ്ട് അവസാനിക്കും എന്ന് തീര്ച്ചപ്പെടുത്തിയ തരത്തിലാണ് പല നേതാക്കളുടെയും നീക്കങ്ങള്‍.

എന്ത് പ്രകൃതി ദുരന്തം വന്നാലും ചില മൃഗങ്ങള്‍ക്ക് അത് മുന്‍കൂട്ടി കാണാന്‍ കഴിയും എന്ന് കേട്ടിട്ടുണ്ട്.  അത്തരം അതീന്ദ്രിയ ജ്ഞാനമുള്ള ഒരു രാഷ്ട്രീയ ജന്തുവാണ് ദ്രാവിഡ മുന്നേറ്റ കഴകം.  തിരഞ്ഞെടുപ്പിന് മുന്നേ ഏതു മുന്നണിയാണ് തോല്‍ക്കുക എന്ന് മുന്‍കൂട്ടി കണ്ട് എതിര്‍ മുന്നണിയിലേക്ക് കാലു മാറുന്നതില്‍ വിദഗ്ധരാണ് ടംക അച്ഛന്‍ & മക്കള്‍ co.  ഇതേ അതീന്ദ്രിയ ജ്ഞാനം തമിള്‍ അരശല്‍ വാദികള്‍ക്ക്‌ മാത്രമല്ല മലയാളി അരശല്‍വാദികള്‍ക്കും കൈവന്നിട്ടുണ്ട് എന്നാണെന്റെ ഉറച്ച വിശ്വാസം. അല്ലെങ്കില്‍ എല്ലാവരും ലോകാവസാന
പെട്ടകമായ യു ഡി എഫിലേക്ക്‌ ടിക്കറ്റെടുത്ത് ഇരച്ചുകയറേണ്ട കാര്യം വല്ലതുമുണ്ടോ ?

മലമുകളില്‍ പെട്ടകം പണിഞ്ഞു തുടങ്ങിയപ്പോഴേ ഇടത് കരയ്ക്കിരുന്ന പലര്‍ക്കും പരിപാടിയുടെ ഗുട്ടന്‍സ്‌ പിടി കിട്ടി. ഓരോരുത്തരായി ഇടതുകരയില്‍ നിന്നും തഞ്ചത്തില്‍ സ്കൂട്ടായി പെട്ടകത്തിലേക്ക് നൂണ്ട് കയറി. അമേരിക്കയില്‍ പോയി ബിരുദമെടുത്ത് വന്നതില്പ്പിന്നെ അമേരിക്കന്‍ സാമ്രാജ്യത്വത്തെ തെറി പറയാതെ ഉറക്കം വരാത്ത എസ്റെയ്റ്റ്‌ മുതലാളിത്വ സോഷ്യലിസ്റ്റും, മീശ മുളക്കും മുന്‍പേ എം പിയാക്കി പാര്ട്ടി അവഗണിച്ച കുട്ടികളും,  ആകാശത്ത് വെച്ച് റബര്‍ ഷീറ്റ് ആണെന്ന് കരുതി വേറെവിടെയോ പിടിച്ചതിന്റെ പേരില്‍ പുലിവാല്‍ പിടിച്ച പാട്ടുകാരനും ഒന്നൊന്നായി പെട്ടകത്തിലേക്ക് കയറിക്കഴിഞ്ഞു.
പെട്ടകത്തിന്റെ ക്യാപ്ടന്‍ പണ്ടത്തെ ഒരറബിയുടെ അവസ്ഥയിലാണെന്നാണ് കേള്‍വി. ഏതു അറബി എന്നല്ലേ? പണ്ട് ഒട്ടകത്തിന് ടെന്റില്‍ തലവെക്കാന്‍ ഇടം കൊടുത്ത ആ അറബി. മഞ്ഞെലി കൂടി പെട്ടകത്തിലേക്ക് കയറിക്കഴിഞ്ഞ സ്ഥിതിക്ക്‌ പെട്ടകത്തിന്റെ ഡോര്‍ ഉടനെ അടച്ചേക്കും. ഇനി യാത്രക്കാരുടെ ഭാരം താങ്ങാതെ പെട്ടകമെങ്ങാന്‍ മുങ്ങുമോ എന്ന് മാത്രമേ അറിയാനൊള്ളൂ.

ലാസ്റ്റ്‌ സീന്‍ : പെട്ടകത്തിന്റെ ഡോര്‍ അടഞ്ഞു തുടങ്ങുന്നു. ക്യാപ്ടന്‍ വിളിച്ചു പറയുന്നു" മുരളി കൂടി കയറിയാന്‍ ഡോര്‍ സീല്‍ ചെയ്യാം. ദ്വാരപാലകാ മുരളിയെ കയറ്റി വിടൂ. "  
ഉടനെ പുറത്തു നിന്ന ഒരാള്‍ പെട്ടകത്തിലേക്ക്‌ ഇരച്ചു കയറുന്നു. ദ്വാരപാലകന്‍ ഡോര്‍ അടയ്ക്കുന്നു.
ക്യാപ്ടന്‍ തലയില്‍ കൈവെച്ചുകൊണ്ട് നിലവിളിക്കുന്നു. " അയ്യോ ഇതല്ല, ഇത് ഓഞ്ചിയത്തെ മുരളിയല്ല"

വാല്‍ക്കഷണം : ഇതാണ് ഇടത് മുന്നണി ? ഗൌരിയമ്മയും, രാഘവനും,വീരനും നിരന്നു നില്‍ക്കുന്ന പക്ഷമോ അതോ  ......

1 comments :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ