ബുധനാഴ്‌ച, നവംബർ 10, 2010

ജനാധിപത്യ സ്വത്വം അഥവാ സ്വത്വാധിപത്യം

1 comments
ആശയങ്ങള്‍ പൂഴ്ത്തി വയ്ക്കാനുള്ളതല്ല പ്രചരിപ്പിക്കാനുള്ളതാവുന്നു. ഇ- മെയിലുകള്‍ ഡിലീറ്റ്‌ ചെയ്യാനുള്ളതല്ല, പ്രിന്റ്‌ സ്ക്രീന്‍ അടിച്ച് പോസ്റ്റ്‌ ആക്കാനുള്ളതാവുന്നു. ഈ സമുന്നതമായ sharing is sexy എന്ന ആശയത്തില്‍  അടിയുറച്ച് വിശ്വസിക്കുന്നത് കൊണ്ടാണ് നരാങ്ങാ അച്ചാറും കൂട്ടി ഒരു പയിന്റ്റ്‌ തീര്‍ക്കാനുള്ള സമയം ചെലവഴിച്ച് അസുരന്‍ ഈ പോസ്റ്റ്‌ വീശുന്നത്, സോറി പോസ്റ്റുന്നത്. { സ്മാള്‍ അടിക്കുന്നത് ആരോഗ്യത്തിനു ഹാനികരം!!  ഇനി ഇതിന്റെ പേരില്‍ ആരും എന്‍റെ പിടലിക്ക് പിടിക്കണ്ട }

ഇത് പോലൊരു കിടിലന്‍ ഐഡിയാ കിട്ടിയാല്‍ ആദ്യമേ പേറ്റന്റിന് അപേക്ഷിക്കേണ്ടതാണ്. അറ്റ്‌ ലീസ്റ്റ് മുണ്ടും തുണിയും പറിച്ച് എം ജി റോഡിലൂടെ യുറേക്ക യുറേക്ക എന്ന് കൂവി  ഓടേണ്ടതാണ്.  ടൈം കിട്ടാത്തത് കൊണ്ടും പാരമ്പര്യമായി ക്രിയേറ്റീവ് കോമ്മണ്‍സിന്‍റെ ആരാധകരായത്‌ കൊണ്ടും അതിനൊന്നും നില്‍ക്കുന്നില്ല. ഐഡിയ തലയില്‍ പൊട്ടി മുളച്ച ഉടനെ അതവിടെ നിന്ന് മുരടിച്ചൊരു ബോണ്‍സായി ആയി മാറും മുന്‍പേ ഈ  ബൂലോകത്തിന്റെ വളക്കൂറുള്ള മണ്ണിലേക്ക്‌ പറിച്ചു വെയ്ക്കുന്നു. ജെയ് ഹോ !!

നമ്മുടെ നാട്ടില്‍  മേയറെ  കണ്ടെത്താന്‍ ഉപയോഗിച്ച തികച്ചും ജനാധിപത്യപരമായ  രീതിയെക്കുറിച്ചുള്ള വാര്‍ത്തയാണ്  ഒരു മൂവാണ്ടന്‍ മാങ്ങയായി അസുരന്റെ തലയില്‍ വീണത്‌. ഒരു കക്ഷിയുടെ മേയര്‍ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുപ്പ്‌ പ്രചാരണം നയിച്ചു ജയിച്ച ഒരു നേതാവിനെയാണ് ഒരു പ്രത്യേക മതത്തില്‍  പെടുന്ന ആളല്ലാ എന്ന് പറഞ്ഞു മേയര്‍ സ്ഥാനം നല്‍കാതെ പറഞ്ഞു വിട്ടത്. ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള സ്ഥലത്ത്  ഹിന്ദു മേയറാവാന്‍ പാടില്ലത്രേ. ക്രൈസ്തവ രക്തം ഞങ്ങളിലില്ല, ഹൈന്ദവ രക്തം ഞങ്ങളിലില്ല; മുസ്ലീം രക്തം ഞങ്ങളിലില്ല; ഞങ്ങളിലുള്ളത് മാനവ രക്തം, എന്ന് മുദ്രാവാക്യം മുഴക്കിയിരുന്ന കക്ഷിയാണ്  ഇപ്പോള്‍  ഫോര്‍മുല ആപ്പ്ലിക്കേഷനില്‍ വിദഗ്ധര്‍.

ക്രിസ്ത്യാനി മേയറായാല്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ഹിന്ദുവിന് കൊടുക്കണം. ബ്ലോക്കില്‍
മുസ്ലീമെന്കില്‍ ജില്ല ഹിന്ദുവിന്. ബി ജെ പി + കോണ്ഗ്രസ് > എല്‍ ഡി എഫ്ഫ്‌, സിപിഎം+ കോണ്‍ഗ്രസ് > മാണി  കോണ്ഗ്രസ് എന്നിങ്ങനെയുള്ള ഫോര്‍മുലകള്‍ മാത്രമല്ല ജാതി, മത, സമുദായ ഫോര്‍മുലകളും അപ്പ്ളെ ചെയ്താണ്  നമ്മുടെ നേതാക്കന്മാര്‍  പഞ്ചായത്ത്  പ്രസിഡന്റ്മാരെയും, ചെയര്‍മാന്‍മാരെയും മറ്റും തിരഞ്ഞെടുക്കുന്നത്.  

പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് ജാതിയുടെ അടിസ്ഥാനത്തില്‍. നമ്മള്‍ ജനങ്ങള്‍ വോട്ട് ചെയ്യുന്നത്  ജാതിയുടെ ബേസില്‍. വോട്ടെടുപ്പില്‍ വിജയിച്ചവരെല്ലാം കൂടി ഭരണാധികാരികളെ തീരുമാനിക്കുന്നതും ജാതിയുടെ  അടിസ്ഥാനത്തില്‍. അപ്പൊ പിന്നെ എന്തിനാ ഊവ്വേ പാര്ട്ടീം ഗ്രൂപ്പും ഒക്കെ. നമുക്ക്‌ ജാതി അടിസ്ഥാനത്തില്‍  തിരഞ്ഞെടുപ്പ്‌ നടത്തിക്കൂടെ ?  അതുമല്ലെങ്കില്‍ സീറ്റ്‌ മൊത്തം പല ജാതികള്‍ക്കായി വീതിച്ച് കൊടുത്തൂടെ ?  ഇതിന്‍റെ പേരില്‍ എന്നെ സത്വ വാദിയായി മുദ്രകുത്തരുത്, പ്ലീസ്‌. ചേരയെ തിന്നുന്ന  നാട്ടില്‍ ചെന്നാല്‍ നടുതുണ്ടം തിന്നണം എന്നല്ലേ .

എന്ന് വെച്ചാല്‍  നായന്മാരുടെ ജനപ്രതിനിധികള്‍ ആരെല്ലാമായിരിക്കണം എന്ന്  പെരുന്നയിലെ പണിക്കരും , ഏതൊക്കെ ഇഴവര്‍  ഭരിക്കണമെന്ന് വെള്ളാപ്പള്ളിയും, മുസ്ലീം പ്രതിനിധികളെ പാണക്കാട് തങ്ങള്മാരും  തീരുമാനിക്കട്ടെ. ക്രിസ്ത്യന്‍ പ്രതിനിധികളെ പൊളിറ്റിക്കല്‍ അച്ചന്‍മാര്‍ സഭ കൂടി തീരുമാനിക്കട്ടെ. തര്‍ക്കം വല്ലതും വന്നാല്‍ ലവന്മാര്‍ ഉള്‍പാര്‍ട്ടി, സോറി ഉള്-ജാതി ജനാതിപത്യ രീതിയല്‍ തീരുമാനിക്കട്ടെ. സര്‍ക്കാരിന് കോടികളുടെ തിരഞ്ഞെടുപ്പ്‌ ചെലവ് ലാഭം, നേതാക്കന്മാര്‍ക്ക്‌ പ്രചാരണ ചിലവ് ലാഭം. പോലീസിന്‌ സമാധാനം, നാട്ടുകാര്‍ക്ക്‌ മനസമാധാനം.

പങ്ക് വെയ്പ്പിന്റെ ഫോര്‍മുല അറിയാവുന്ന എക്സലെല്ലാം ഉപയോഗിച്ച്  ജനസംഖ്യാനുപാതികമായി അസുരന്‍സ്‌  തയാറാക്കിക്കഴിഞ്ഞു.



ഒറ്റയ്ക്ക് ഭരിക്കാന്‍ ആര്‍ക്കും കഴിയില്ല. അപ്പോള്‍ മുന്നണികള്‍ എങ്ങിനെയായിരിക്കും?  ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള അവസരം ഈ ബ്ലോഗ്‌ വായിക്കുന്നവരുടെ ഭാവനയ്ക്ക് വിട്ടു തരുന്നു . ജെയ് ഹോ !!