ബുധനാഴ്‌ച, ഡിസംബർ 11, 2013

പട്ടാഭിഷേകം

0 comments
ട്രിങ്  ട്രിംഗ് ....
രംഗം ഒന്ന് :
രാജകൊട്ടാരം , കൊടി  തോരണങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. അവിടെയും ഇവിടെയും ഓരോ സ്ഥാലഭന്ജികമാർ  പൂ പറിക്കുകയും   പാട്ട് പാടുകയും ചെയ്യുന്നു.

സ്റ്റേജിന്റെ  വലതു ഭാഗത്ത്‌    നിയുക്ത മഹാരാജാവ്   ഒരു പ്ലാസ്റ്റിക്ക് കസേരയിൽ ചിന്താവിഷ്ടനായി  ഇരിക്കുന്നു. ഇടതു ഭാഗത്ത് നിന്നും കൊൽകത്താ നൈറ്റ് റൈടെറസിന്റെതു പോലുള്ള ഒരു ടീ ഷർട്ടും  അണിഞ്ഞു ഒരു രാജഭടൻ  കടന്നു വരുന്നു. മൂക്കിനു മുകളില്‍  സോഡാക്കുപ്പി കണ്ണട, തലയിൽ ഗാന്ധിത്തൊപ്പി.

ഭടൻ  :  അതിഥികളെല്ലാം എത്തിക്കഴിഞ്ഞു,  രാജധാനി ഒരുങ്ങി, പട്ടാഭിഷേകത്തെപ്പറ്റി   അങ്ങൊന്നും പറഞ്ഞില്ല.

നിയുക്ത രാജാവ്  : ഹാ ഇത് വലിയ പുലിവാലായല്ലോ ?

ഭടൻ : സിംഹാസനം  എങ്ങനെയാണ് പ്രഭോ  പുലിവാലാവുന്നത് ?

നിയുക്ത രാജാവ് : സിംഹാസനത്തിന് വേണ്ടിയല്ല നാം മത്സരിച്ചത് .

ഭടൻ : അപ്പൊ നമ്മൾ മത്സരിച്ചത് ജയിക്കാനല്ലെ  ?

നിയുക്ത രാജാവ് : ജയിക്കാനായിരുന്നേൽ തോല്ക്കാൻ പറ്റിയ സീറ്റിൽ പോയി മത്സരിക്കുമോ?

ഭടൻ : ഈശ്വരന്മാരെ , അങ്ങേക്കപ്പോൾ രാജാവാവണ്ടേ ?

നിയുക്ത രാജാവ് :  രാജാവായി  ചുമ്മാ ഇരുന്നാൽ മതിയോ ?  വലിയ കാര്യത്തിനു നീയോക്കെകൂടി ടൈപ് ചെയ്തു വേർഡ്‌ ആക്കി അപ്‌ലോഡ്‌ ചെയ്തു വെച്ചിരിക്കുന്ന ഒരു സാധനമുണ്ടല്ലോ , എലെക്ഷൻ മാനിഫെസ്റ്റൊ , അത് നടപ്പാക്കണ്ടേ?

ഭടൻ : അത് നടപ്പാക്കാനല്ലേ ജനം നമ്മെ വോട്ടു ചെയ്തു വിജയിപ്പിച്ചത്  ?

നിയുക്ത രാജാവ് : വല്ല നടപ്പാവുന്ന കാര്യമാണോ നീയൊക്കെ അതിൽ എഴുതി വെച്ചിരിക്കുന്നത് ?

ഭടൻ : നടപ്പാവുന്ന കാര്യങ്ങൾ എഴുതിയാൽ വോട്ടു കിട്ടുമായിരുന്നോ ?

 നിയുക്ത രാജാവ്: വോട്ടു കിട്ടാൻ തന്നെ മത്സരിച്ചത് . അതിനിടെയ്ക്ക് വഴിയെ പോവുന്നവനെല്ലാം ചൂലെടുക്കുകയും, ചൂലെടുത്തോനെല്ലാം ആപ്പാവേം  ചെയ്യുമെന്ന്  ആരറിഞ്ഞു. ഇതിപ്പോ പണ്ട് അറത്തുകൊണ്ടിരുന്ന തടിയുടെ ഇടയിൽ  നിന്നും ആപ്പൂരിയ  വാനരന്റെ ഗതിയായി.

ഭടൻ :  ആപ്പോ നമ്മുടെ എം എൽ  എ മാർ ? അവരെന്തു ചെയ്യും ?

നിയുക്ത രാജാവ് : അവന്മാരെ വെച്ച് മന്ത്രിസഭ ഉണ്ടാക്കിയാൽ ജനം എന്ത് ചെയ്യും എന്നാലോചിക്കുമ്പോൾ മുട്ട് വിറയ്ക്കുന്നു.

ഭടൻ :  എന്നാലും നമുക്കൊന്ന് ശ്രമിച്ചൂടെ പ്രഭോ ?

നിയുക്ത രാജാവ് : ഒന്ന് പോടാപ്പാ . വൈദ്യുതി ബില്ല്, അത് പിന്നേം അട്ജസ്റ്റ് ചെയ്യാം. 700 ലിറ്റർ വെള്ളം , വനിതാകമാണ്ടോകൾ ,  പതിനഞ്ചു ദിവസത്തിനകം ഗ്രാമ സഭകൾ , അഴിമതി രഹിത ഭരണം,  ഓർത്തിട്ട് തന്നെ തല കറങ്ങുന്നു.

ഭടൻ : രാജഗുരു വീണ്ടും തപസ്സനുഷ്ടിക്കാൻ പോവുന്നത്രേ.

 നിയുക്ത രാജാവ് :  രാജകുരു ;  കള്ളക്കഴുവേറി ,  അയാൾക്ക്‌ പണ്ടേ അറിയാമായിരുന്നിരിക്കണം ഇത് കുരിശാകുമെന്ന്‌ . വെറുതെയല്ല  ഗുരു അസമയം നോക്കി കാട് കയറിയത് .

ഭടൻ : അപ്പൊ ഇനിയെന്ത് ?

നിയുക്ത രാജാവ് : പട്ടാഭിഷേകം പിന്നെയാവട്ടെ. നമുക്ക് അടുത്ത മത്സരത്തിനുള്ള  സമയമായി.

ഭടൻ : അതിലും അങ്ങ് തന്നെ വിജയിച്ചാലോ  ?

നിയുക്ത രാജാവ് : അങ്ങിനെ വന്നാൽ നാം എല്ലാം ഉപേക്ഷിച്ച് സർവ്വ സംഗ പരിത്യാഗിയായി കാട്ടിലേക്ക് പോവും.

ഭടൻ  : അപ്പോൾ സോഫ്റ്റ്‌വെയർ കമ്പനിയിലെ ജോലി രാജിവെച്ചിറങ്ങിയ ഞാനോ ?

നിയുക്ത രാജാവ് : നിങ്ങള്ക്ക് ഇതെല്ലാം ഉപേക്ഷിച്ച്  നാട്ടിലേക്ക് പോകാം.

(കർട്ടൻ വീഴുന്നു , കൂവൽ , അട്ടഹാസം )