ഞായറാഴ്‌ച, ഏപ്രിൽ 15, 2007
അതിന്റെ അന്ത്യ യാമങ്ങള്‍
നിദ്രയുടെ നേര്‍ത്ത നാരുകള്‍
ഞാനറിയാതെ നീ കവറ്ന്നെടുത്തു
എന്റെ കിനാവുകള്‍
അവയുടെ നനുത്ത വിരലുകള്‍
ആര്‍ദ്ര നിശ്വാസങ്ങള്‍
അവ പോലും നീ അളന്നെടുത്തു
ഓര്‍മ്മയെന്നില്‍ മേഘമായ് നിറഞ്ഞു
രാഗമേതോ മഴവില്ലു വരച്ചു
പിന്നെയേതോ തണുത്ത നിമിഷത്തില്
മൌനമെന്നില്‍ മഴയായ് പെയ്തു
മഴത്തുള്ളിയുടെ താളം
പുതുമണ്ണിന്റെ ശ്വാസം
മനസ്സില്‍ വീണ്ടും ജലമര്‍മ്മരം
ബുധനാഴ്‌ച, ഏപ്രിൽ 11, 2007
പ്രണയത്തിന്റെ വ്യാകരണം
ഇന്നലെ orkut ഇല് കയറിയപ്പോള്‍ ശ്രീനിവാസന്റെ സ്ക്രാപ്പ് കിടക്കുന്നു. "എല്ലാം മറന്നോടാ " എന്നൊരു ചോദ്യം. വല്ലപ്പൊഴും മാത്രമേ ശ്രീനി സ്ക്രാപ് അയക്കാറൊള്ളു. "ഒന്നും മറക്കാന്‍ പറ്റില്ലല്ലോടാ" എന്നു മറുപടി അയച്ചു. പിന്നെ ബാക്കി ഉള്ള ആപ്പ ഊപ്പ സ്ക്രപ്പുകള്ക്ക് മറുപടി അയച്ചുകഴിഞ്ഞപ്പോഴാണ് മറ്റവന് കേറി പിടിക്കുന്നത്. ആര് ? 'ഗൃഹാതുരുത്വം' എന്നു നമ്മള് കടിച്ച് പറിച്ച് വിളിക്കുന്ന nostalgia. എനിക്ക് ആ ആനുഭൂതിയെ നൊസ്റ്റാള്ജിയ എന്നു വിളിക്കുന്നതണ് ഇഷ്ടം. നമ്മുടെഗൃഹാതുരുത്വത്തിനില്ലാത്ത ഒരു അര്ദ്രത, കാല്പനികത, വൈകാരികത
nostalgia ക്ക് ഉണ്ട്.
എട്ടു കൊല്ലം മുന്പ് ഹയര്‍ സെക്കണ്ടറിക്കു പഠിക്കുമ്പോള്‍ എന്റെ സഹപാഠിയും ഉറ്റ സുഹൃത്തുമായിരുന്നുശ്രീനി ; സഹൃദയന്, സാത്വികന്, രാഷ്ട്രീയ പ്രബുദ്ധന്‍. കോഴിമുട്ട വെജിറ്റേറിയനാണെന്ന് ഉറച്ച് വിശ്വസിക്കുകയും അതു ഉച്ചയൂണിന്റെ സ്ഥിരം വിഭവം ആക്കുകയും ചെയ്ത ശുദ്ധ വെജിറ്റേറിയന്‍. നേരില്‍ കണ്ടിട്ട് കൊല്ലങ്ങളായി, ഓണത്തിനോ വിഷുവിനോ ഒക്കെ ഫോണില്‍ വിളിക്കും.അത്ര തന്നെ.
അങ്ങനെ nostalgia തലയ്ക്കു പിടിച്ചപ്പോള്‍ പണ്ടത്തെ എന്റെ ഓട്ടോഗ്രാഫ് ബുക്ക് വായിക്കണമെന്നു തോന്നി. അര്ദ്ധ രാത്രി നേരത്തു മനുഷ്യര്ക്കു തോന്നുന്ന ഓരോ ആഗ്രഹങ്ങളേ . പിന്നെ പഴയ കടലാസു കെട്ടുകള്‍ക്കിടയില്‍ നിന്നും സംഭവം തപ്പി എടുത്തു. അതിനുള്ളില്‍ നിന്നും ഒരു പിഞ്ഞിപ്പോവാറായ നിറം മങ്ങിയ ഒരു കടലാസു തുണ്ട് താഴേക്ക് വീണു. എന്റെ ജീവിതത്തിലെ ആദ്യത്തെ പ്രണയ ലേഖനം, ലേഖനമെന്നോ കവിതയെന്നോ വിളിക്കാം.
ഞങ്ങളെല്ലാം പന്ത്രാണ്ടാം ക്ളാസിലാണ്. മധുരപ്പതിനാറുകാര്, അല്ലെങ്കില്‍ മധുരപ്പതിനേഴുകാര്. പ്രണയം ഒരു മഞ്ഞുതുള്ളിയായി മനസ്സില്‍ കിനിഞ്ഞിറങ്ങുന്ന കാലം. ഞങ്ങളുടെ ജൂനിയര് ക്ളാസുകളില്‍ കുഞ്ഞു പൂമ്പാറ്റകള് പാറിപ്പറന്നു നടക്കുന്നു. ഞങ്ങളില്‍ പലര്ക്കും തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലായി.
ചിലര്‍ക്കത് പുറത്തു പറയാത്ത, ആരോരും അറിയാത്ത തേങ്ങലായി.
പ്രണയം ഏതു പൊട്ടനേയും മഹാകവിയും, കലാകാരനും ഒക്കെ ആക്കി മാറ്റും എന്നു പറഞ്ഞത് ചലച്ചിത്ര നടന് സലിം കുമാറാണെന്നണെന്റെ ഓര്മ്മ. എന്തായാലും ഞങ്ങളില് പലരും കവികളും, ചിത്രകാരന്മാരും, ഗായകരും, നാടക നടന്മാരുമൊക്കെ ആയി മാറി.
ഒരു ഗ്രാമത്തിന്റെ ഉള്ളിന്റെ ഉള്ളിലാണ് സ്കൂള്‍. തെങ്ങിന് തോപ്പും, തോടും, നെല്‍-വയലുകളും ഒക്കെ ഉള്ള ഒരു സുന്ദര ഗ്രാമം. ആകേ രണ്ട് ബസ്സാണു അങ്ങോട്ട് ഉള്ളത്. അതു കിട്ടിയില്ലെങ്കില്‍ അര മണിക്കൂറ് നടപ്പ് തന്നെ ശരണം.
ഞങ്ങളുടെ സ്കൂള്‍ തുടങ്ങിയിട്ട് ഒരു കൊല്ലമേ ആയിട്ടുള്ളു. ആകേ ഒരു നൂറ്റന്പത് വിദ്യാര്ദ്ധികള് മാത്രമേ ഒള്ളു. എല്ലാവര്ക്കും എല്ലാവരേയും അത്യാവശ്യം നന്നായി അറിയാം എനിക്കും ഒരു കുട്ടിയോട് എല്ലില്‍ കുത്തുന്ന പ്രണയം. പറയാനുള്ള ധൈര്യമൊന്നും ആയിട്ടില്ല. എങ്കിലും കണ്ണും കണ്ണും കഥകള്‍ പറഞ്ഞു, പരിചയപ്പെട്ടു. ഒരേ ബസിലായി ഞങ്ങളുടെ യാത്ര. ബസ്സിറങ്ങുമ്പോഴും കയറുമ്പോഴും ഒരു പുഞ്ചിരി പതിവായി. തിരിഞ്ഞു നോക്കലുകള്, പരസ്പരം നോക്കി ഇരിക്കലുകള്, പുഞ്ചിരികള് ,കൈവീശലുകള്‍. അടുത്ത് വന്നു നിന്നാല്‍ മാത്രം മിണ്ടില്ല. എന്നിട്ടും എനിക്കെന്റെ ഇഷ്ടം പറയാന്‍ ധൈര്യം കിട്ടിയില്ല.
സ്കൂളില്‍ ഒരു നോട്ടീസ് ബോര്‍ഡുണ്ട്, സറ്ഗ്ഗ എന്നോ മറ്റോ ആയിരുന്നു അതിന്റെ പേര്. വിദ്യാര്ഥികളുടെ കഥയും,കവിതയും, ചിത്രങ്ങളുമൊക്കെ പ്രദര്ശിപ്പിക്കാനൊള്ളൊരു സെറ്റപ്പ്. എനിക്കു രണ്ടു വരി കവിത പോലെ എന്തൊക്കെയോ കുറിക്കുന്ന ഒരു പതിവുണ്ടായിരുന്നു. ഒരു ദിവസം എന്റെ ഒരു ഉറ്റ സുഹൃത്ത് (ശ്രീനിയല്ലാ)എന്നോട് പറയുന്നു "നിനക്കു നേരിട്ട് പറയാനല്ലെ പേടി ഒള്ളു. നീ ഒരു കാര്യം ചെയ്യ്. ഒരു നല്ല പ്രണയ കവിത എഴുത്. നമുക്കതു നോട്ടീസ് ബോര്ഡിലിടാം. കാണുന്നവര്‍ അതൊരു കവിതയാണെന്നേ കരുതൂ. അവള്ക്കതൊരു ലവ് ലെറ്ററണെന്ന് മനസ്സിലായിക്കോളും. കാമുകിക്ക് പ്രണയ ലേഖനമെഴുതി നോട്ടീസ് ബോര്ഡിലിടുന്ന കാമുകന്‍. അതൊരു variety യും ആവും"
ഐഡിയ എനിക്കിഷ്ടപ്പെട്ടു. പക്ഷെ ഇതു വരെ സ്കൂളില്‍ ആരും പ്രണയത്തെപ്പറ്റി എഴുതിയിടാന്‍ ധൈര്യം കാണിച്ചിട്ടില്ല. അധ്യാപകരുടെ പ്രതികരണം എങ്ങനെ ആവും എന്നു ഒരു ഊഹവും ഇല്ല. അവസാനം ധൈര്യം സംഭരിച്ചു, കവി ഭാവനയല്ലേ ,ആരെന്തു ചോദിക്കാന് ? അങ്ങനെ ഒരു വെള്ളിയാഴ്ച്ച വൈകുന്നേരം ടീച്ചര്മാരെല്ലാം പോയിക്കഴിഞ്ഞിട്ട് ഞങ്ങള്‍ അതു ബോര്‍ഡില്‍ ഒട്ടിച്ചു. തിങ്കളാഴ്ച രാവിലത്തെ ഇണ്റ്റെര്വെല്ലിനു റ്റീച്ചര്മാരാരും വയിക്കുന്നതിനു മുന്നേ കീറാനായിരുന്നു പ്ളാന്.
ആ തിങ്കളാഴ്ച്ച എനിക്ക് പതിവ് ബസ്സ് കിട്ടിയില്ല. ഓടിത്തളര്‍ന്ന് ഒന്‍പതരയ്ക്കു എത്തിയ പാടേ നോക്കിയതു നോട്ടീസ് ബോര്‍ഡാണ്. എന്റെ സറ്ഗ്ഗ സൃഷ്ടി കാണാനില്ല. പണിയായോ ??????????????
ആദ്യത്തെ hour ഇംഗ്ളീഷാണു. ജമീല ടീച്ചറാണ് ക്ളാസില്‍. ഞാന്‍ ക്ളാസ്സില്‍ കയറി. ടീച്ചര് അറ്റെന്റന്‍സ് എടുത്തു. റ്റെക്സ്റ്റ് ബുക്കു തുറന്നു ഒരു കടലാസ്സ് കഷ്ണം എടുത്തു. എന്റെ കവിത !!!!!!!
ടീച്ചര് അതു വായിക്കാന്‍ തുടങ്ങി
“ I am the naughty , who dreamt of you
you are my ear, my life, my soul
Dear, I dont know how to say
Never i say to hear a nay
while you chat with ugly creams
i am happy with my dreams
why you silent on my words ?
dont be angry on me please
you kept me away a thousand miles
mada my life an utmost vain
won my dreams with pretty smiles
just to hurt and give me pains “
എന്നിട്ട് ടീച്ചറെനിക്ക് ആ കടലാസ്സ് തന്നു. അതില്‍ നിറയെ ചുവന്ന വരകള്‍ ഇട്ടിരിക്കുന്നു" ആ അടിവരയിട്ടിരിക്കുന്നതു മുഴുവന് grammer mistakes ആണ്. പിന്നെ കുറച്ചു spelling mistakesഉം ഉണ്ട്. നാലാള് കാണാന്‍ വേണ്ടി എഴുതുമ്പോഴെങ്കിലും തെറ്റില്ലാതെ എഴുതിക്കൂടേ ? "
ക്ളാസ്സ് മൊത്തം പൊട്ടിച്ചിരിക്കുന്നു. എല്ലാവരും എന്നെ തന്നെ നോക്കുന്നു. എനിക്കു ഉപദേശം തന്ന എന്റെ ഉറ്റ സുഹൃത്ത് തല കുമ്പിട്ടിരിക്കുന്നു. പിന്നെ ഇന്റെര്‍വെല്ലിനു Record book എടുക്കാന്‍ സ്റ്റാഫ് റൂമില്‍ പോയപ്പോള്‍ അമ്പിളി ടീച്ചറുടെ ചോദ്യം "ആരാടോ ഈ കവിതയിലെ കുട്ടി ?"
അങ്ങിനെയാണ് പ്രണയിക്കാനും Grammer വേണം എന്നു ഞാന്‍ പഠിച്ചത്.
വെള്ളിയാഴ്‌ച, ഏപ്രിൽ 06, 2007
ബ്ളോഗുകള്ക്ക് expiry date ഉണ്ടോ
അതോ നമ്മളീ എഴുതിക്കൂട്ടുന്നതൊക്കെ കാലാകാലത്തോളം ഇവിടെത്തന്നെ കിടക്കുമോ
കോടാനുകോടി വര്‍ഷങ്ങള്‍ക്ക് ശേഷം ലോകം അവസാനിക്കുന്നതു വരെ ഭൂമിയുടെ (പ്രപഞ്ചത്തന്റെ) ഏതോ ഒരു കോണില് വിസ്മരിക്കപ്പെട്ട ഏതോ ഒരു സെര്‍വറില്‍ ഞാനീ എഴുതിക്കൂട്ടുന്നതൊക്കെ മരണമില്ലാതെ കിടക്കുമോ
ഇതുവരെ അറിയാത്ത എന്തോ ഒരിഷ്ടം
ഇതിനെയാണോ പ്രണയമെന്ന് പറയുന്നത്
ആവാന്‍ വഴിയില്ല
കാരണം ഇഷ്ടം എനിക്ക് മാത്രമല്ലേ ഒള്ളു
നിനക്കില്ലല്ലോ
എനിക്ക് പലപ്പോഴും നിന്നെ ഓര്‍മ്മ വരുന്നു
അപ്പോഴൊക്കെ എനിക്കു വേദന തോന്നുന്നു
ഇതിനെയാണോ വിരഹമെന്ന് പറയുന്നത്
ആവാന്‍ വഴിയില്ല
കാരണം വേദന എനിക്കു മാത്രമല്ലേ ഒള്ളു
നിനക്കില്ലല്ലോ
Getting Started
ഇന്നു മുതല്‍ ഞാനും ബ്ളോഗെഴുത്തിണ്റ്റെ ലോകത്തേക്ക്
കുറെ വായിച്ചു മതിയായപ്പോള് ഒരു ചെയ്ഞ്ച്
അല്ലെങ്കിലും ഒരു ചെയിഞ്ച് ആര്‍ക്കാ ഇഷ്ടല്ലാത്തത്
അറിയാവുന്നവരോടാരോടും പറയാനാവാത്തതൊക്കെ ഡയറിയില്‍ എഴുതുന്ന ശീലംചെറുതായിട്ട് ഉണ്ട്.
എഴുതാനുള്ള മടി ഉള്ളതു കൊണ്ട് ഒഴിഞ്ഞ താളുകളാണ് കൂടുതല്‍. അതുകൊണ്ട് ഇനി മുതല്‍ എന്റെ ചിന്തകളെല്ലാം ഞാനീ ബ്ളോഗില്‍ കോറിയിടാന്‍ പോവുന്നു
അല്ല 'തൂവിയിടാന്' എന്നതാണോ കൂടുതല്‍ ചേരുന്നത്
90% ബ്ളോഗുകള്ക്കും ഒരേ ഒരു വായനക്കാരനേ ഒള്ളു എന്നെനിക്കറിയാം
എന്റെ കാര്യത്തില്‍ അതുപോലും ഉണ്ടാവില്ല, കാരണം ഞാനെഴുതുന്നതൊന്നും പിന്നെ വായിക്കുന്നത് എനിക്ക് ഇഷ്ടമല്ല, കത്തിലായാലും പരീക്ഷപേപ്പറിലായാലും. അതുകൊണ്ട് ധൈര്യമായി മനസ്സ് തുറക്കാം. ആരറിയാന് .......
ഇനിയിപ്പോ എന്നെ അറിയാത്തവരാരെങ്കിലും ഇതു വായിച്ചാലും എനിക്കു ഒരു കുഴപ്പവും ഇല്ല
Strangers are less dangerous